മസ്ക് വിപ്ലവം ഇന്ത്യയിലേക്ക്’: എയർടെൽ-സ്റ്റാർലിങ്ക് പങ്കാളിത്തം രാജ്യത്തിന് നൽകുന്നത് അതിവേഗ ഇന്റർനെറ്റ്

0
IMG-20250311-WA0009

ഭാരതി എയർടെൽ സ്പേസ് എക്സുമായി ചരിത്രപരമായ കരാറിൽ ഏർപ്പെട്ടിരിക്കുന്നു. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുമായി ഇന്ത്യയിൽ ഒപ്പുവയ്ക്കുന്ന ആദ്യത്തെ കരാറാണിത്. ഈ സഹകരണത്തിലൂടെ എയർടെൽ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അത്യാധുനിക സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

“ലോകോത്തര നിലവാരമുള്ള അതിവേഗ ബ്രോഡ്ബാൻഡ് സേവനങ്ങൾ രാജ്യത്തുടനീളം എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം,” എന്ന് എയർടെലിന്റെ മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ വ്യക്തമാക്കി. ഗ്രാമീണ ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവത്തിന് വഴിയൊരുക്കുന്ന നിർണായക ചുവടുവയ്പ്പായാണ് എയർടെൽ ഈ പങ്കാളിത്തത്തെ വിശേഷിപ്പിക്കുന്നത്.

ബന്ധപ്പെട്ട നിയമപരമായ അനുമതികൾ ലഭിച്ചതിനുശേഷമേ സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുകയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോൺ മസ്കും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ആഴ്ചകൾക്കകം ഈ സുപ്രധാന കരാർ യാഥാർഥ്യമായിരിക്കുന്നു.

കഴിഞ്ഞ വർഷം, സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിലേക്ക് വിപുലീകരിക്കാനുള്ള പദ്ധതികളെക്കുറിച്ച് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് സൂചന നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം അമേരിക്കയിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകളും നടത്തിയിരുന്നു.

നിലവിൽ 56-ലധികം രാജ്യങ്ങളിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ലഭ്യമാണ്. ലോ എർത്ത് ഓർബിറ്റ് (LEO) സാറ്റലൈറ്റുകളുടെ ശൃംഖല ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമാണ് സ്റ്റാർലിങ്ക്. ഉയർന്ന വേഗതയുള്ള സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ്, വിഡിയോ കോളുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഉയർന്ന ബാൻഡ്‌വിഡ്ത് കണക്ഷനുകൾ ഇത് പ്രദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *