ടാറ്റയും ടെസ്ലയും കൈകോർക്കുന്നു ഇന്ത്യ ഇലക്ട്രിക് വിപ്ലവത്തിലേക്ക്

ഓട്ടോമൊബൈൽ വ്യവസായത്തിൽ ശ്രദ്ധേയമായ നീക്കം നടത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ലോകത്തിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയുമായി കൂടുതൽ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കുകയാണ് ടാറ്റ. ഇന്ത്യൻ വിപണിയിലേക്ക് ടെസ്ല പ്രവേശിക്കുന്നതിന് മുന്നോടിയായി ഈ സഹകരണം നിർണായകമാണ്.
ടാറ്റ ഗ്രൂപ്പിന്റെ വിവിധ കമ്പനികളായ ടാറ്റ ഓട്ടോകോമ്പ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), ടാറ്റ ടെക്നോളജീസ്, ടാറ്റ ഇലക്ട്രോണിക്സ് എന്നിവ ടെസ്ലയുടെ ആഗോള സപ്ലൈ ചെയിനിൽ പ്രധാന പങ്കാളികളായി മാറിയിരിക്കുന്നു. ഇവർ ടെസ്ലയ്ക്ക് വിവിധ ഘടകങ്ങളും സേവനങ്ങളും നൽകുന്നു.
ആഗോള ഓട്ടോമോട്ടീവ് വിപണി മൂല്യത്തിന്റെ ഏകദേശം പകുതിയോളം ടെസ്ലയുടേതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനകം തന്നെ ടാറ്റ കമ്പനികൾക്ക് ടെസ്ലയുമായി കരാറുകളുണ്ട്. ഇന്ത്യയിൽ ടെസ്ലയുടെ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതോടെ ഈ പങ്കാളിത്തം കൂടുതൽ വികസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെസ്ല ഇന്ത്യൻ കമ്പനികളുമായി കാസ്റ്റിങ്ങുകൾ, ഫോർജിങ്ങുകൾ, ഇലക്ട്രോണിക് ഘടകങ്ങൾ, ഫാബ്രിക്കേഷൻ തുടങ്ങിയവയുടെ സപ്ലൈയെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 2 ബില്യൺ ഡോളർ മൂല്യമുള്ള ഓട്ടോ പാർട്ടുകൾ ഇന്ത്യൻ കമ്പനികൾ ടെസ്ലയ്ക്ക് സപ്ലൈ ചെയ്തിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പ് കമ്പനികൾ ടെസ്ലയ്ക്ക് സപ്ലൈ ചെയ്യുന്ന പ്രധാന ഉൽപ്പന്നങ്ങൾ:-
– ടാറ്റ ഓട്ടോകോമ്പ്: ഇലക്ട്രിക് വാഹന എൻജിനീയറിങ് ഉൽപ്പന്നങ്ങൾ
– ടാറ്റ ടെക്നോളജീസ്: ലൈഫ് സൈക്കിൾ മാനേജ്മെന്റ് സേവനങ്ങൾ- ടി.സി.എസ്: സർക്യൂട്ട് ബോർഡ് സാങ്കേതിക വിദ്യകൾ
– ടാറ്റ ഇലക്ട്രോണിക്സ്: ഇന്ത്യയിൽ ടെസ്ലയുടെ നിർമാണ കേന്ദ്രം ആരംഭിക്കുന്നതോടെ സെമി കണ്ടക്ടർ ചിപ്പുകൾ സപ്ലൈ ചെയ്യും
ടെസ്ല ഇന്ത്യയിൽ ബിസിനസ് വികസനം നടത്തുന്നതിന് മുന്നോടിയായി, സർക്കാർ പ്രോത്സാഹനങ്ങൾ, നികുതി ആനുകൂല്യങ്ങൾ, കസ്റ്റംസ് ഡ്യൂട്ടി ഇളവുകൾ തുടങ്ങിയവ നിരീക്ഷിക്കുന്നുണ്ട്. ടെസ്ലയുടെ സപ്ലൈ ചെയിൻ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള സോഴ്സിങ് കൂടുതൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.